അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സി ആർ 7ന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി പോർച്ചുഗലിന് വേണ്ടി 111 ഗോളുകളാണ് താരം നേടിയത്. ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് ക്രിസ്റ്റിയാനോ മറികടന്നത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-1ന് അയർലാൻഡിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 88ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്നു പോർച്ചുഗൽ.
89ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ റൊണാൾഡോ പോർച്ചുഗലിന് സമനില നേടിക്കൊടുത്തു. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ വിജയഗോളും റെക്കോർഡും ക്രിസ്റ്റിയാനോ സ്വന്തമാക്കുകയായിരുന്നു.