അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അണിഞ്ഞ പത്താം നമ്പര്‍ ജഴ്സിക്ക് ബാഴ്സയില്‍ പുതിയ അവകാശി. മെസ്സി അനശ്വരമാക്കിയ ജഴ്സി ഇനി ബാഴ്സ യുവതാരം അൻസു ഫാതി അണിയും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. 22 ആം നമ്പർ ജഴ്സിയാണ് അൻസു ഫാതി ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ദീർഘകാലമായി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നാണ് ഫാതി അറിയപ്പെടുന്നത്.
ക്ലബ് ഫുട്‌ബോളില്‍ 2019 ലാണ് ബാഴ്‌സലോണക്കായി അന്‍സു ഫാതി അരങ്ങേറ്റം കുറിച്ചത്. ലാലിഗയുടെ ചരിത്രത്തില്‍ ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അന്‍സു ഫാതി. ലാലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 16 വയസും 318 ദിവസവും പ്രായമുള്ളപ്പോഴായിരുന്നും ഗിനിയന്‍ വംശജനായ സ്‌പാനിഷ് താരം ലാലിഗയില്‍ ഗോള്‍ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്‌പെയിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അന്‍സു ഫാതിയുടെ പേരിലാണ്. യുവേഫ നേഷന്‍സ് ലീഗില്‍ ഉക്രെയിനെതിരെ മാഡ്രിഡില്‍ നടന്ന മത്സരത്തിലാണ് അന്‍സു ഫാതിയുടെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ പിറന്നത്. ഉക്രയിന്‍റെ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച പന്ത് വെടിയുണ്ട കണക്കെ ഫാതി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ നേടുമ്പോള്‍ 17 വയസും 311 ദിവസും മാത്രമായിരുന്നു ആന്‍സു ഫാതിയുടെ പ്രായം