കാബൂള്‍: അഫ്ഗാനിസ്താന് അതിന്റെ ‘ഇരുണ്ട മണിക്കൂറില്‍ അയവുള്ളതും സമഗ്രവുമായ ധനസഹായം’ നല്‍കാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയില്‍ രാജ്യത്തെ ആസന്നമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.8 കോടി ജനങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് ഗുത്തേറഷ് വ്യക്തമാക്കി. അടിസ്ഥാന സേവനങ്ങള്‍ പൂര്‍ണമായി തകര്‍ച്ച ഭീഷണിയിലാണ്.
സമീപകാല സംഭവങ്ങള്‍ക്ക് പുറമെ കടുത്ത വരള്‍ച്ചയും വരാനിരിക്കുന്ന ശൈത്യവും സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിലെ കുട്ടികള്‍ക്കും സ്ത്രീപുരുഷന്മാര്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും മുമ്പത്തെക്കാള്‍ ഇപ്പോള്‍ ആവശ്യമാണെന്ന് രാഷ്ട്രങ്ങളോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.