ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്ററാണിത്. രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലേയിലെ പല്‍ദാനില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തപ്സ്ഥാന്‍ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉള്‍പ്പെടെയുള്ള പ്രമുഖർ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 11,562 അടി ഉയരത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാര്‍ നായകനായ ബെല്‍ബോട്ടവും തിയേറ്ററിലെത്തിയ സൈനികർക്കായി പ്രദർശിപ്പിച്ചു.

കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റര്‍. സ്വകാര്യകമ്പനിയായ പിക്ചര്‍ ടൈം ഡിജിപ്ലക്‌സാണ് തിയേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. 28 ഡിഗ്രി സെല്‍ഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.