ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കി ഇന്ത്യ: റോഡ് 19,300 അടി ഉയരത്തില്‍; ഇക്കാര്യത്തില്‍ ബോളിവിയയെ ഇന്ത്യ പിന്നിലാക്കി

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന പദവി ഇനി ഇന്ത്യക്ക് സ്വന്തം.

ഏകദേശം 19,300 അടി ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മ്മിച്ചിരിക്കുന്ന ഈ റോഡ്.

ഒരു വാണിജ്യ വിമാനം പറക്കുന്ന പരമാവധി ഉയരം 30,000 അടിയാണ്. ഈ റോഡാകട്ടെ ഇതിന്‍റെ പകുതിയേക്കാള്‍ ഉയരത്തിലാണ്. ഇതോടെ ഇക്കാര്യത്തിലുള്ള ബൊളീവിയയുടെ റെക്കോഡ് തകര്‍ന്നു. അവിടെയായിരുന്നു ഇതുവരെ ഏറ്റവും ഉയരത്തിലുള്ള റോഡ് സ്ഥിതി ചെയ്തിരുന്നത്- അതും 18,953 അടി ഉയരത്തില്‍. ഇതിനേക്കാള്‍ 47 അടി കൂടി ഉയരത്തില്‍ റോഡ് പണിയുക വഴി ഈ ലോകറെക്കോഡ് ഇന്ത്യ സ്വന്തം പേരിലാക്കിക്കഴിഞ്ഞെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ഉംലിംഗ്ല ചുരം വഴി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നീളം ഏകദേശം 52 കിലോമീറ്റര്‍ വരും. ലേയില്‍ നിന്നും ഡെംചോക്കിനെയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് ഈ പ്രദേശത്തെ ജനതയ്ക്ക് ഏറെ ഉപകാരപ്രദമാണ്. ഇത് ലഡാക്കിലെ ടൂറിസത്തിനും ഗുണം ചെയ്യും.

ഇവിടെ മരംകോച്ചുന്ന തണുപ്പാണ്. പൂജ്യത്തിന് താഴെ മൈനസ് 40 ഡിഗ്രിയില്‍ വരെ താപനില താഴും. ഓക്‌സിജന്‍റെ അളവും നന്നേ കുറവ്. സാധരണ അന്തരീക്ഷത്തിലേതിനേക്കാള്‍ ഏകദേശം 50 ശതമാനം കുറവാണ് ഓക്‌സിജന്‍റെ അളവ്. ഉദ്യോഗസ്ഥരുടെ മനോധൈര്യവും കഠിനാധ്വാനവുമാണ് പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് റോഡ് യാഥാര്‍ഥ്യമാക്കിയത്.

എവറസ്റ്റ് പര്‍വ്വതത്തിന്‍റെ ബേസ് ക്യാമ്പിനേക്കാള്‍ നൂറില്‍ പരം അടി ഉയരത്തിലാണ് ഈ റോഡ്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടിയാണെങ്കില്‍ ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടി ഉയരത്തിലും ആണ്. സിയാച്ചിനിലെ മഞ്ഞുകട്ടയുടെ ഉയരം 17,700 അടി മാത്രമാണ്. ഇതിനേക്കാളെല്ലാം ഉയരത്തിലാണ് ഭാരതത്തിനും പ്രതിരോധസേനയ്ക്കും അഭിമാനമായ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ റോഡ്.