രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രം എറണാകുളത്ത് ഒരുങ്ങി;നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുളം അമ്പലമുഗളിലെ താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി തയ്യാറായി.നാളെ മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്. ആശുപത്രി രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുമെന്ന് പറഞ്ഞ കലക്ടര്‍ ബിപിസി.എല്‍ന്റെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിലൂടെ ഓക്‌സിജന്റെ ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും മറികടക്കാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങള്‍ എന്നിവ ബിപിസിഎല്‍ സൗജന്യമായാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ആദ്യം നൂറു ഓക്‌സിജന്‍ കിടക്കകളുമായി ആരംഭിക്കുന്ന കേന്ദ്രം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും