ദമാം: സൗദി അറേബ്യയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ ദഹ്‌റാൻ മാളിൽ ഉദ്ഘാടനം ചെയ്തതായി അറേബ്യൻ സെന്റേഴ്‌സ് കമ്പനി അറിയിച്ചു. ആകെ 18 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലക്‌സിൽ 2370 സീറ്റുകളാണുള്ളത്. മൾട്ടിപ്ലക്‌സിന്റെ ആകെ വിസ്തീർണം 9660 ചതുരശ്ര മീറ്ററാണ്.
മുൻകരുതൽ, ആരോഗ്യ നടപടികൾക്ക് അനുസൃതമായി, പുതിയ ഒരു അറിയിപ്പുണ്ടാകുന്നതുവരെ 50 ശതമാനം ശേഷിയിലാണ് പുതിയ തിയേറ്റർ പ്രവർത്തിപ്പിക്കുകയെന്ന് കമ്പനി പറഞ്ഞു. വെന്റിംഗ് മെഷീനുകൾ വഴി ടിക്കറ്റുകൾ വാങ്ങാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കും. അഞ്ചു വെന്റിംഗ് മെഷീനുകളാണ് ഇവിടെയുള്ളത്. അറേബ്യൻ സെന്റേഴ്‌സിനു കീഴിലെ വാണിജ്യ കേന്ദ്രങ്ങളിൽ തുറക്കുന്ന പത്താമത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററാണ് ദഹ്‌റാൻ മാളിലെ തിയേറ്ററെന്ന് അറേബ്യൻ സെന്റേഴ്‌സ് കമ്പനി സി.ഇ.ഒ ഫൈസൽ അൽജുദൈഇ പറഞ്ഞു.
വിവിധ പ്രവിശ്യകളിൽ കമ്പനിക്കു കീഴിലുള്ള മൾട്ടിപ്ലക്‌സുകളിൽ നിലവിൽ ആകെ 103 സ്‌കീനുകളാണുള്ളത്. കമ്പനിക്കു കീഴിലെ വാണിജ്യ കേന്ദ്രങ്ങളിൽ ഈ വർഷം ഒമ്പതു മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ കൂടി തുറക്കുമെന്നും ഫൈസൽ അൽജുദൈഇ പറഞ്ഞു.