സാലറി കട്ട് റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; മുന്നോക്ക സംവരണത്തിന്റെ സാങ്കേതിക നടപടികൾ പൂർത്തിയായി

സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ എടുത്ത തീരുമാനം റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നേരത്തെ പിടിച്ചത് അടുത്ത മാസം മുതൽ തിരികെ നൽകാനും ധനവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾ തടയാൻ പോലീസ് ആക്ടിൽ ഭേദഗതി വരുത്തും. നവ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആക്ടിൽ വകുപ്പില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ആക്ടിലെ 118 എ വകുപ്പിൽ ഭേദഗതി വരുത്തുന്നത്

സമൂഹമാധ്യമങ്ങൾ വഴിയുള്ള അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയിൽ പോലീസിന് കേസെടുക്കാം. ജാമ്യമില്ലാ കുറ്റമാക്കാനായി കേന്ദ്രത്തിന്റെ അനുമതിയും തേടും. മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നടപടിയും മന്ത്രിസഭ പരിഗണിച്ചു. പി എസ് സി നിർദേശിച്ച ചട്ടഭേദഗതിക്ക് അംഗികാരമായി. ഇതോടെ മുന്നോക്ക സംവരണത്തിന്റെ സാങ്കേതിക നടപടികൾ പൂർത്തിയായി.