കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു
ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും.
ഉച്ചയ്ക്ക് 3 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. ജൂലൈ 27ന് പ്രത്യേക മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനം 27ന് ഉണ്ടാകും. ഇതിന് മുന്നോടിയായാണ് ഇന്ന് സർവകക്ഷി യോഗം ചേരുന്നത്.