ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം; മാർഗ്ഗ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

 

ന്യൂഡൽഹി: ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉപയോഗപ്രദമാണ്. അത് നല്‍കണം’. ഡോ.ഭാര്‍ഗവ പറഞ്ഞു.

‘കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കുട്ടികളില്‍ വിപുലമായി വാക്‌സിനേഷന്‍ നടത്താനുള്ള സാഹചര്യത്തിലല്ല രാജ്യം ഇപ്പോഴുള്ളത്’. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. അതോടൊപ്പം രാജ്യത്ത് ഇതുവരെ 48 ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ അതോറിറ്റി ഡയറക്ടര്‍ ഡോ.എസ് കെ സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശ്, കേരള, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രോഗബാധ 50 ശതമാനത്തിന് മുകളിലാണ്.