മുസ്‌ലിം കളിക്കാർക്കു മുമ്പിൽ ഇനി മദ്യക്കുപ്പിയില്ല; തീരുമാനവുമായി യുവേഫ

 

യൂറോ കപ്പിലെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം കളിക്കാർക്കു മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ലെന്ന് ഹൈനെകൻ. ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ ഈയിടെ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബിയർ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം. ബുധനാഴ്ച രാത്രി പോർച്ചുഗലിനെതിരെ നടന്ന മത്സരത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിയർ കുപ്പിയുണ്ടായിരുന്നില്ല.

മുമ്പിലെ മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. യൂറോകപ്പിന്റെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഹൈനെകൻ.