മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
കോൺഗ്രസ് ദേശീയ തലത്തിലെ നിർണായക സാന്നിധ്യമായിരുന്നു അഹമ്മദ് പട്ടേൽ. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പട്ടേൽ 2018ൽ പാർട്ടി ട്രഷററായും ചുമതല വഹിച്ചു
ഗുജറാത്തിൽ നിന്ന് എട്ട് തവണ അദ്ദേഹം പാർലമെന്റിലേത്തി. മൂന്ന് തവണ ലോക്‌സഭാംഗമായും അഞ്ച് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു. 2017 ഓഗസ്റ്റിലാണ് അവസാനമായി രാജ്യസഭയിൽ എത്തിയത്.
ഏതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധിയിൽപ്പെടുമ്പോൾ ദേശീയ നേതൃത്വം വിശ്വാസത്തോടെ ഇത് പരിഹരിക്കുന്നതിനായി അയച്ചിരുന്ന നേതാവ് കൂടിയായിരുന്നു അഹമ്മദ് പട്ടേൽ. ഒക്ടോബർ ഒന്നിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് നവംബർ 15നാണ് ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.