മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു

മധ്യപ്രദേശ് ഗവർണറും മുതിർന്ന ബിജെപി നേതാവുമായ ലാൽജി ടണ്ഠൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ലക്‌നൗ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം.

ശ്വാസകോശ പ്രശ്‌നങ്ങളും മൂത്ര തടസ്സത്തെയും തുടർന്ന് ജൂൺ 11നാണ് ലാൽജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

ഉത്തർപ്രദേശ് ബിജെപിയിലെ പ്രധാന നേതാക്കളിലൊരാൾ ആയിരുന്നു ലാൽജി ടണ്ഠൻ. കല്യാൺ സിംഗ്, മായാവതി മന്ത്രിസഭകളിൽ അംഗമായിരുന്നു. 2003-07 കാലഘട്ടത്തിൽ യുപി പ്രതിപക്ഷ നേതാവായിരുന്നു. ബീഹാർ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.