പഞ്ചാബിൽ ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചന്നി. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജിവെച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്
നിയമസഭാ കക്ഷി യോഗത്തിൽ സുഖ്ജിന്തർ സിംഗ് രൺധാവയെയാണ് ഭൂരിപക്ഷം പേരും അനുകൂലിച്ചതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പിസിസി പ്രസിഡന്റ് സിദ്ദു നടത്തിയ ഇടപെടലാണ് വലിയ വഴിത്തിരിവിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ദളിത് വിഭാഗത്തിൽ നിന്നുള്ള ചന്നി മുഖ്യമന്ത്രിയായാൽ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ അനുകൂലമാകുമെന്ന് സിദ്ദു വാദിച്ചു. തുടർന്നാണ് ഹൈക്കമാൻഡ് തീരുമാനം മാറ്റിയത്.