മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ കർശനമാക്കി

മംഗളൂരു: വിമാനത്താവളം ബോംബിട്ട് തകര്‍ക്കുമെന്ന് ഫോണ്‍ഭീഷണി. വിമാനത്താവളത്തിന്‍റെ ഒരു മുന്‍ ഡയറക്റ്ററുടെ ഫോണിലാണ് ഇന്നലെ രാത്രി ഭീഷണി വന്നത്. ഉടന്‍ തന്നെ ഇദ്ദേഹം വിമാനത്താവള അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു.

വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ കാര്‍ക്കളയില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തി. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി.

മാസങ്ങള്‍ക്ക് മുമ്പ് ഇതേ വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ കേസില്‍ ആദിത്യറാവു എന്നയാളാണ് പൊലീസ് പിടിയിലായത്. ആദിത്യറാവുവിനെതിരെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അടുത്തിടെയാണ്.