ആചാരത്തിനായി റൺവേ അടച്ചിട്ട് നോട്ടാം നൽകുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: ഇനിയത് ഉണ്ടാകുമോ എന്നു പറയേണ്ടത് അദാനി ഗ്രൂപ്പ്

രാജ്യത്ത് ഏറെ പ്രത്യേകതകളുള്ള വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയ്ക്കു പുറമേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിനായി റൺവേ അടച്ചിടുകയും ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് ´നോട്ടാം´ നല്‍കുന്നതും ഈ വിമാനത്താവളത്തിൽ മാത്രം സംഭവിക്കുന്ന ഒരു വസ്തുതയാണ്. എന്നാൽ അദാി ഗ്രൂപ്പിൻ്റെ വരവ് ഈ ആചാരങ്ങളും ശീലങ്ങളും മാറ്റിയെഴുതുമോ എന്ന ആശങ്കയിലാണ് തലസ്ഥാനവാസികൾ

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്ത് അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ലഭിച്ചതോടെ ഒരര്‍ത്ഥത്തില്‍ ഭയപ്പാടിലാണ് തിരുവനന്തപുരത്തെ ജനങ്ങള്‍. ലോകത്തിലെ ഒരു വിമാനത്താവളത്തിലെ റണ്‍വേയിലൂടെ കടന്നുപോകുന്ന ഒരേയൊരു ഘോഷയാത്രയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന് കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ തീരുമാനപ്രകാരം മുടക്കം സംഭവിക്കുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരത്തെ വിശ്വാസികള്‍ ഇപ്പോഴുള്ളത്.

വിമാനത്താവള വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നൽകുന്നതോടെ അദാനി ഗ്രൂപ്പ് ഘോഷയാത്രയുടെ കാര്യത്തില്‍ എതിര്‍ തീരുമാനം എന്തെങ്കിലും എടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ചോദ്യം. തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെൻ്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ വേണമെങ്കില്‍ കമ്പനിക്കു തീരുമാനംമെടുക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.