തിരുവനന്തപുരം വിമാനത്താവളം അടുത്ത 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകിയ നരേന്ദ്രമോദി സർക്കാർ നിലപാടിനെതിരായ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക
അദാനി ഗ്രൂപ്പിനെ വിമാനത്താവളം ഏൽപ്പിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസ് നിലനിൽക്കെ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാട് സർക്കാർ ഉന്നയിക്കും. നേരത്തെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ഒരു വിഭാഗം നേതാക്കൾ അദാനിക്ക് നൽകിയ തീരുമാനത്തെ വിമർശിക്കുമ്പോൾ ശശി തരൂർ തുടങ്ങിയവർ സ്വകാര്യവത്കരണത്തെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. വികസനത്തിന് വഴിയൊരുക്കുമെന്നാണ് മോദി സർക്കാർ നിലപാടിനെ തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പുകഴ്ത്തുന്നത്.