മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്ബ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു
ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ് എത്തിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാൾ യുവതിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇത് അവർ നിരസിച്ച ദേഷ്യത്തിൽ കൊലപ്പെടുത്തുന്നതിനായി കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞു. ‘തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്നു കളയുമെന്ന് ആദർശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റിൽ തള്ളിയതെന്നുമാണ് രക്ഷപ്പെട്ടെത്തിയ ശേഷം പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്.