ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് പ്രധാനമന്ത്രി കുറിച്ചു. ഓരോ വേഷത്തിനും ആകർഷണീയതയും ആഴവും കൊണ്ടുവന്ന അസാധാരണ നടനാണ് അദ്ദേഹം. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയടങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ധർമ്മേന്ദ്രയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എണ്ണമറ്റ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) ഇന്ന് ഉച്ചയ്ക്കാണ് അന്തരിച്ചത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധർമേന്ദ്രയുടെ മക്കൾ.
1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.







