ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു.
റഷ്യയും ഇന്ത്യയും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ഡിസംബറിൽ പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്ത് വരികയായിരുന്നുവെന്നും സമാധാനത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മോദി കൂടിക്കാഴ്ചയിൽ അറിയിച്ചു. രണ്ട് രാജ്യങ്ങളും ക്രിയാത്മകമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളതെന്ന് മോദി പറഞ്ഞു.
യുക്രെയ്‌ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരലവും കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാപാരം, രാസവളം, ബഹിരാകാശം, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറിയെന്നും ഇന്ത്യ- റഷ്യ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയുടെ സുപ്രധാന സ്തംഭമായി തുടരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സമാധാനത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാര ബന്ധങ്ങൾ ശക്തമാണെന്ന് പുടിൻ പറഞ്ഞു കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്തിറക്കും. ലോകം ഉറ്റുനോക്കിയ ഉച്ചകോടിയായിരുന്നു ഷാങ്ഹായി സഹകരണ ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോക നേതാക്കളുമായി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ പുതിയ ചേരി രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഉച്ചകോടിയിൽ കാണാതായത്.