വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ ജില്ലയിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ നഴ്‌സായിരുന്ന കാഞ്ചന(25)യാണ് മരിച്ചത്. ട്രാക്ടർ ഡ്രൈവറായ ശ്രീനിവാസാണ്(27) കാഞ്ചനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് നിർബന്ധിച്ചിട്ടും കാഞ്ചന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം
കഴിഞ്ഞ ദിവസം വൈകുന്നേരം ഇയാൾ അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെ കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോകുകയായിരുന്നു. തുടർന്ന് കാറിന്റെ വാതിലുകൾ ലോക്ക് ചെയ്ത ശേഷം തന്റെയും കാഞ്ചനയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.