തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം

 

തിരുവനന്തപുരം: ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്ക്കെത്തിയ രണ്ടുപേർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി.

അർധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം.

ഇവരിലൊരാൾ മെഡിക്കൽ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡിവൈ.എസ്.പി.ക്ക നേരിട്ട് പരാതി നൽകുമെന്ന് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു.