ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഇതോടെ ഇന്ന് മാത്രം ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒമ്പതായി
സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിരവധി പേരാണ് ചികിത്സ കാത്ത് ആംബുലൻസിൽ കിടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾക്കുള്ള ക്ഷാമമാണ് വിനയാകുന്നത്.
എംബിബിഎസ് വിദ്യാർഥികളോട് അടിയന്തരമായി സർക്കാർ ആശുപത്രികളിൽ സേവനത്തിന് എത്താൻ മുഖ്യമന്ത്രി സ്റ്റാലിൻ അഭ്യർഥിച്ചു. മദ്രാസ് ഐഐടി, യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകൾ എന്നിവ ഏറ്റെടുത്ത് താത്കാലിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനാണ് ശ്രമം