കാര്‍ഷികനിയമങ്ങള്‍ തല്‍ക്കാലത്തേക്ക് സുപ്രീംകോടതി സ്റ്റേചെയ്തു  

ന്യൂ ഡൽഹി: കാര്‍ഷിക നിയമഭേദഗതികള്‍ അനശ്ചിത കാലത്തേക്ക് മരവിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധ സമിതി രൂപികരിക്കാം. അവിടെ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്കും സര്‍ക്കാരിനും വാദം ഉന്നയിക്കാം. സമിതി തീരുമാനം എടുക്കുന്നതു വരെ നിയമം മരവിപ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. സമര വേദിയില്‍ നിന്ന് മുതിര്‍ന്നവരും സ്ത്രീകളും മടങ്ങുമെന്ന് ഉറപ്പുനല്‍കാമെന്ന് കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചു. അക്കാര്യം കോടതിയില്‍ ഉത്തരവില്‍ രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി പറഞ്ഞു.

നിയമങ്ങള്‍ പരിശോധിക്കുന്നതിനായി രൂപികരിക്കുന്ന വിദഗ്ധ സമിതിയില്‍ ആരൊക്ക വേണമെന്ന് കോടതി തീരുമാനിക്കും. സമിതിയുടെ നിലപാട് അന്തിമമല്ലെന്നും, സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിശോധിക്കും. എന്നാല്‍ സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റിലടക്കം ചര്‍ച്ചചെയ്താണ് കൊണ്ടുവന്നതെന്നും അതിനാല്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും നിയമങ്ങള്‍ സ്വീകാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരം ചെയ്യുന്നത്. അവരുമായി ചര്‍ച്ച തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദി അറിയിച്ച കര്‍ഷക സംഘടനകള്‍ , നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടതി രൂപികരിക്കുന്ന വിദഗ്ധസമിതിയോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കോടതിക്ക് അവ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരമുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. നിലപാട് ഇന്ന് അഭിഭാഷകര്‍ മുഖേന കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇന്ന് ഇടക്കാല ഉത്തരവായി പുറപ്പെടുവിക്കാനായി ചേരുന്നത്.