മാസ്റ്റർ സിനിമ ചോർന്ന സംഭവം: 400 വെബ്‌സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 400 വെബ്‌സൈറ്റുകൾ കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ, വൊഡാഫോൺ, ബിഎസ്എൻഎൽ, എന്നിവക്ക് ഹൈക്കോടതി നിർദേശം നൽകി. സമൂഹ മാധ്യമങ്ങൾ വഴി രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് രംഗങ്ങൾ ലീക്കായത്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണ് സീനുകൾ ചോർത്തിയതെന്ന് നിർമാണ കമ്പനി ആരോപിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കുമ്പോൾ പ്രദർശിപ്പിക്കുന്നത് മാസ്റ്ററാണ്.