പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം : പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള് പുറത്ത് വന്നു. യുവതിയുടെ ഭര്‍ത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നായിരുന്നു യുവതിയുടെ കുടുംബം ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡന വിവരം കുട്ടി തുറന്ന് പറഞ്ഞെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്വേഷണത്തില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി താമസിക്കുന്നുവെന്നു മനസിലായി. കുടുംബ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഭര്‍ത്താവ് 3 കുട്ടികളെയും നാട്ടിലേക്കു കൊണ്ടുവന്നു.

മാതാവിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവ് 13 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡന പരാതിയ്ക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പ്രസിഡന്റ് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.