14കാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കുടുംബം; ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിര്‍ത്തതിലുള്ള വൈരാഗ്യം

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുവയസ്സുകാരനെ സ്വന്തം മാതാവ് പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് അറസ്റ്റിലായ യുവതിയുടെ കുടുംബം. വിവാഹ മോചനത്തിന് മുതിരാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിർത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു

യുവതിയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദനം. മകൾക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് യുവതിയുടെ മാതാവ് പറയുന്നു. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയ മകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചിരുന്ന സമയത്ത് മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

അതേസമയം അറസ്റ്റിലായ യുവതി നിലവിൽ റിമാൻഡിലാണ്. ഭർത്താവിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഇവർ അകന്ന് താമസിക്കുകയാണ്. മൂന്നാമത്തെ കുട്ടി യുവതിയുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഇവർക്ക് 17, 14, 11, വയസ്സുള്ള ആൺകുട്ടികളും ആറ് വയസ്സുള്ള പെൺകുട്ടിയുമാണുള്ളത്.

അടുത്തിടെ ഇയാൾ വേറെ വിവാഹം കഴിക്കുകയും തന്റെ മൂന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 14കാരനെ അമ്മ പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതി നൽകിയത്.