ചെന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു.
ജസ്റ്റീസുമാരായ ടി.എസ്. ശിവജ്ഞാനം, വി. ഭവാനി സുബ്ബരായൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു വിധി. പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പാണു പ്രധാനമെന്ന് 800 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം വിധി സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും തൂത്തുക്കുടിക്കാർ സന്തോഷം പങ്കിട്ടു.
സ്റ്റെർലൈറ്റ് ഫാക്ടറിയിൽനിന്നു പുറന്തള്ളുന്ന വിഷപ്പുകയ്ക്കെതിരേ പ്രദേശവാസികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. മേയ് 21നും 22നും പ്രതിഷേധക്കാർക്കു നേർക്കുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പട്ടു. 2018 മേയ് 23ലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാക്ടറി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കുകയായിരുന്നു.