ഹെലികോപ്റ്ററിലുണ്ടായിരുന്നത്‌ ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ; ഒമ്പത് പേരുടെ വിവരങ്ങൾ പുറത്ത്

 

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഊട്ടി കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചു. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലികയും ഹെലികോപ്റ്ററിലുണ്ടായിരുന്നു

ജനറൽ ബിപിൻ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ കെ ഗുർസേവക് സിംഗ്, എൻ കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്.

ആരൊക്കെ മരിച്ചു, ആരെയൊക്കെയാണ് രക്ഷപ്പെടുത്തിയതെന്ന കാര്യം വ്യോമസേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികൾ പറയുന്നതനുസരിച്ചാണ് 11 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇന്നുച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം. സുലൂരിലെ എയർ സ്റ്റേഷനിൽ നിന്നും വെല്ലിംഗ്ടണിലെ സൈനിക കോളജിലേക്കുള്ള യാത്രക്കിടെയാണ് ഹെലികോപ്റ്റർ തകർന്നത്. കനത്ത മൂടൽ മഞ്ഞ് അപകടസമയത്തുണ്ടായിരുന്നു. ആകാശത്ത് വെച്ച് തന്നെ ഹെലികോപ്റ്റർ തീ പിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം.