കൂനൂരിലെ അപകടം: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. സംയുക്ത സേന മേധാവിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രികരിൽ 13 പേരും മരിച്ചിരിക്കുകയാണ്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് ഹെലികോപ്റ്ററിലെ യാത്രികർ. മരണപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലാണുള്ളത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.