സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തമിഴ്‌നാട്ടിലെ ഊട്ടിയിൽ തകർന്നു വീണു. അപകടത്തിൽ നാലു പേർ മരിച്ചതായി ഊട്ടി പൊലീസ് അറിയിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി
ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
“സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്” എന്ന് ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു.