ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചവരിൽ സൈനിക മേധാവിയും ഉൾപ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിൻ റാവത്തിന് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്.
MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാന്ഡസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.
അപകടസ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.