രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 28 ദിവസം കഴിഞ്ഞ് ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻബെഞ്ചിലാണ് അപ്പീൽ നൽകുക. വാക്സിൻ ഇടവേള 84 ദിവസമെന്നത് നയപരമായ തീരുമാനമാണെന്നാണ് സർക്കാറിന്റെ വാദം.
അതേസമയം, ഹൈക്കോടതി വിധിയോട് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് വാക്സിന്റെ രണ്ടാംഡോസ് 28 ദിവസത്തിനുശേഷമെടുക്കാൻ കഴിയുന്നവിധം കോവിന്‍ പോർട്ടലിൽ മാറ്റംവരുത്താനാണ് ഹൈക്കോടതി സിംഗിൾബെഞ്ച് കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. ആദ്യഡോസ് കോവിഷീൽഡ് വാക്സിൻ എടുത്ത് 45 ദിവസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് രണ്ടാം ഡോസിന് അനുമതിനൽകാത്തതിനെതിരെയുള്ള കിറ്റെക്സ് കമ്പനിയുടെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
നിലവില്‍ വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസ് പി.വി. സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച ഹരജി പരിഗണിച്ചത്.