തമിഴ് സിനിമ നാശത്തിൽ നിന്ന് നാശത്തിയേക്ക് കൂപ്പുകുത്തുകയാണെന്ന് സംവിധായകനും നടൻ സിലമ്പരസന്റെ (ചിമ്പു) പിതാവുമായ ടി രാജേന്ദർ. മലയാളത്തിൽ നിന്നും ലോകയും, കന്നടയിൽ നിന്നും കാന്താരയുമെല്ലാം വന്നു രാജ്യമാകെ തരംഗം സൃഷ്ടിക്കുമ്പോൾ, ഈ വർഷം ഇത്രയുമധികം വമ്പൻ ചിത്രങ്ങളിറങ്ങിയ തമിഴ് സിനിമയ്ക്ക് അതുപോലൊരു ചിത്രം മുൻപോട്ട് വെയ്ക്കാൻ ആകാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, അയൽവീട്ടുകാർ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ആനന്ദം മാത്രം. എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക് ഇപ്പൊ ഒട്ടും നല്ല അവസ്ഥയല്ല. വലിയ പാൻ ഇന്ത്യൻ എന്നും ബ്രഹ്മാണ്ഡ നിർമ്മാണമെന്നുമൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമാണ് ഇപ്പോൾ തമിഴിലുള്ളത്. 200 ലധികം ചിത്രങ്ങൾ റീലിസ് ചെയ്തിട്ട് ആകെ വിജയമായത് ടൂറിസ്റ്റ് ഫാമിലി പോലെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ്” ടി രാജേന്ദർ പറയുന്നു.
ഇപ്പോൾ പലരും പാൻ ഇന്ത്യൻ എന്നൊക്കെ പറയുന്നു കാര്യം ആദ്യം ചെയ്ത് ഫലിപ്പിച്ചത് തമിഴ് സിനിമയാണെന്നും, തമിഴിലെ ചില കലാകാരൻമാർ സൃഷ്ട്ടിച്ച ക്ലാസിക്ക് ചിത്രങ്ങളൊന്നും വേറെ ആരെക്കൊണ്ടും എടുക്കാൻ സാധിക്കില്ലായെന്നും ടി രജീന്ദർ പറഞ്ഞു. തമിഴ് സിനിമയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
“ആളുകൾ തിയറ്ററിലേക്ക് വരാൻ മടിക്കുന്നത് കൊണ്ടല്ല, നല്ല സിനിമകൾ വരാത്തത്കൊണ്ട് തന്നെയാണ് ഇത്ര വലിയൊരു ദുരിതം തമിഴ് സിനിമ വ്യവസായത്തിനുണ്ടായത്. ചിലർ വ്യത്യസ്തമായ പ്രമേയത്തിന് വേണ്ടി കൊറിയൻ ചിത്രങ്ങൾ ഇരുന്നു കാണുന്നുണ്ട്, എന്നാൽ അവയൊന്നും തമിഴ് സംസ്കാരത്തിന് യോജിക്കുന്ന രീതിയിൽ പരിഭാഷപ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ല” ടി രാജേന്ദർ പറഞ്ഞു.