Headlines

‘സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു’വെന്ന് പി ചിദംബരം; തള്ളി കോൺഗ്രസ്

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. 1984 ൽ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ഖലിസ്ഥാൻ ഭീകരർക്കെതിരെ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവന്ന് പി ചിദംബരം. ആ തെറ്റിന് ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നുവെന്നും ചിദം ബരം പറഞ്ഞു. മുംബൈ ഭീകരാക്രമണം സംബന്ധിച്ചുള്ള പരാമർശത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് മറ്റൊരു വിവാദ പരാമർശവുമായി പി ചിദംബരം രംഗത്ത് വന്നത്.

സംഭവത്തിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നുവെന്നും പി ചിദംബരം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ വെച്ചായിരുന്നു വിവാദ പരാമർശം.

അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ ഈ പരാമർശം ആയുധമാക്കിയതോടെയാണ് ചിദംബരത്തെ തള്ളി കോൺഗ്രസ് നേതാവ് റാഷിദ് ആൽവി രംഗത്ത് വന്നത്. ക്രിമിനൽ കേസുകൾ നേരിടുന്ന ചിദംബരം സമ്മർദ്ദത്തിലാണെന്ന് റാഷിദ് ആൽവി വ്യക്തമാക്കി. ചിദംബരത്തിന്റെ പരാമർശത്തിൽ ഹൈക്കമാൻഡ് മുതൽ സാധാരണ പ്രവർത്തകർ വരെ അസ്വസ്ഥരാണെന്നും,പാർട്ടിയെ നാണം കെടുത്തുന്ന പ്രസ്താവനകൾ ആവർത്തിച്ചു നടത്തുന്നത് ശരിയല്ലെന്നും റാഷിദ് ആൽവി പ്രതികരിച്ചു.