Headlines

ശബരിമല സ്വർണമോഷണം; എസ്ഐടി സംഘം സന്നിധാനത്ത്

ശബരിമല സ്വർണമോഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറി. സി ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉച്ചയോടുകൂടി സന്നിധാനത്ത് എത്തിയത്.

സംഘം കൂടുതൽ തെളിവെടുപ്പ് സന്നിധാനത്ത്നടത്തുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ നേരിട്ട് എസ്ഐടിക്ക് കൈമാറാൻ കഴിയാത്തതിനാൽ ദേവസ്വം ഉദ്യോഗസ്ഥർ വഴിയാണ് ഓരോന്നായി കൈമാറുക. രേഖകൾ കൂടുതൽ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. നേരത്തെ സന്നിധാനത്ത് എത്തി ജസ്റ്റിസ് കെ ടി ശങ്കരൻ വിവാദ സ്വർണപ്പാളി പരിശോധന നടത്തിയിരുന്നു.

അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ ആസ്ഥാനത്ത് പ്രത്യേകസംഘം പരിശോധന നടത്തി. എന്നാൽ പരിശോധന നടത്തിയിട്ടില്ലെന്ന് സ്മാർട്ട്‌ ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി വ്യക്തമാക്കി. കൂടുതൽ സ്പോൺസർമാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019 ൽ വാതിൽ പാളികളിൽ സ്വർണം പൂശാൻ സ്പോൺസർ ചെയ്ത ഗോവർദ്ധനിൽ നിന്ന് സംഘം വിവരങ്ങൾ തേടും.

ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഗോവർദ്ധന്റെ പേരുള്ള സാഹചര്യത്തിലാണ് നടപടി. വാതിൽ പാളികളിൽ സ്വർണം പൂശാൻ 512 ഗ്രാം ഗോവർദ്ധൻ നൽകിയെന്ന് ആണ് സ്മാർട്ട് ക്രിയേഷന്റെ മൊഴി. വാതിലിൽ 321.6 ഗ്രാമും കട്ടിളപ്പടിയിൽ 184 ഗ്രാമും സ്വർണം പൂശി എന്നുമാണ് രേഖ. മുഴുവൻ സ്വർണവും സ്പോൺസർ നൽകിയെങ്കിൽ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണ്ണം അപഹരിച്ചിട്ടുണ്ടാകും എന്നാണ് ഇതുവരെയുള്ള നിഗമനം.

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതി പട്ടികയിൽ ഉള്ളവരെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കില്ല. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നിലവിലെ ധാരണ. പത്തനംതിട്ട കേന്ദ്രീകരിച്ച് അന്വേഷണ സംഘം ക്യാമ്പ് ഓഫീസ് ആരംഭിക്കും.