ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത് 2 ദിവസത്തെ അറ്റകുറ്റപ്പണി മാത്രമാണ്. എപ്പോൾ വേണമെങ്കിലും ദേവസ്വം ബോർഡിന് സ്വർണപാളികൾ കൊണ്ടുപോകാം. നല്ല സുരക്ഷയൊരുക്കിയാണ് സ്വർണപാളികൾ എത്തിച്ചതെന്നും സ്മാർട്ട് ക്രിയേഷൻസ് അറിയിച്ചു.
സ്വർണപാളികൾ എത്തിച്ചയുടൻ തന്നെ പണികൾ ആരംഭിച്ചിരുന്നു എന്നാൽ പിന്നീട് കേസ് വന്നതിനെത്തുടർന്ന് നിർത്തിവെച്ചതാണെന്നും തങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുതാര്യമായിട്ടാണെന്നും അത് ആർക്കുംകണ്ട് ബോധ്യപ്പെടാമെന്നും സ്മാർട്ട് ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ ശരിയായ രീതിയിൽ അടിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രശ്നം. കഴിഞ്ഞവർഷം തന്നെ ക്ഷേത്രം തന്ത്രി തകരാറ് പരിഹരിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. കഴിഞ്ഞ മണ്ഡലകാലത്ത് ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചില്ലെങ്കിലും സീസൺ കഴിയുന്നതുവരെ തീരുമാനം മരവിപ്പിച്ചു. പിന്നീട് ഘട്ടംഘട്ടമായി അറ്റകുറ്റപ്പണികൾ നടത്താൻ ബോർഡ് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായാണ് ദ്വാരപാലക ശില്പത്തിന്റെ സ്വർണപാളി അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്.
സ്വർണപാളിയുടെ പണിയും വാതിലിന്റെ അറ്റകുറ്റപ്പണിയും ഒരുമിച്ച് തീർത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി നട അടക്കുന്നതിന് മുമ്പ് ശുദ്ധികലശം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ പദ്ധതി. എന്നാൽ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് വിവാദമായ സാഹചര്യത്തിൽ സ്വർണപാളിയുടെ പണി എന്ന് പൂർത്തിയാകും എന്നതിൽ നിലവിൽ വ്യക്തതയില്ല.
വിഷയത്തിൽ ഒടുവിൽ ഹൈക്കോടതിയ്ക്ക് മുന്നിൽ വീഴ്ച സമ്മതിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതിയ്ക്ക് മുൻപാകെ ദേവസ്വം ബോർഡ് നിരുപാധികം മാപ്പ് പറഞ്ഞു. എന്നാൽ മാപ്പ് കൊണ്ട് പ്രശ്നം തീരില്ല വിഷയം ഗൗരവമുള്ളത് എന്ന നിലപാടിൽ തന്നെയാണ് ദേവസ്വം ദേവസ്വം ബെഞ്ച്. സന്നിധാനത്ത് ഇതുവരെ സ്വർണം പൂശിയ നടപടികളുടെ രേഖകൾ പിടിച്ചെടുത്ത കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി. വിജിലൻസ് ചീഫ് സെക്യൂരിറ്റിയോടാണ് ആവശ്യപ്പെട്ടത്. രേഖകൾ പരിശോധിച്ച ശേഷം സ്വർണപാളി തിരികെ കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് ഹൈക്കോടതി. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.