കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ തിരികെ എത്തിയ 99 ശതമാനം പേർക്കും കൊവിഡ്

 

കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിൽ തുടരുമ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയവരിൽ 99 ശതമാനം പേരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

കുംഭമേള കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആകുമെന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കുംഭമേളയിൽ പങ്കെടുത്ത പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കൂടി കണക്കിലെടുത്താലെ രോഗവ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളുവെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു

കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയവർക്ക് ഡൽഹി 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്.