കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാർട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി മമത ഗവര്‍ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും. അതിനിടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമത.
1956 വോടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വിജയിച്ചത്. മമത ബാനര്‍ജി വിജയിച്ചതായി പല മാധ്യമങ്ങളും റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല.