കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലെന്നിരിക്കേ, തെലങ്കാനയിൽ ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ നിയമം ലംഘിച്ചതായി റിപ്പോർട്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കേ, ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാർഗനിർദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ അനധികൃതമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.
കോവിഡിന്റെ പുതിയ വകഭേദങ്ങൾ വരുമോ എന്നും കൂടുതൽ അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എട്ടുമാസം മുൻപ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ പശ്ചാത്തലത്തിൽ മറ്റൊരു പോംവഴികൾ ഇല്ലാതെയാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർമാർ തുറന്നുപറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്.