വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി
നിലവിൽ രജിസ്‌ട്രേഷനായി ആധാകർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ നൽകിയവർക്ക് ഇതുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻരെ നിർദേശപ്രകാരം രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചകൾക്കുള്ളിലാണ് എടുക്കാനാകുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനും പോകുന്നവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്നാണ് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്
വിദേശരാജ്യങ്ങളിൽ പോകേണ്ടവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രത്യേക ഫോർമാറ്റിൽ നൽകും. ഈ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറെയാണ് സർട്ടിഫിക്കറ്റ് നൽകാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലകൾ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നൽകുന്ന വാക്‌സിൻ സംസ്ഥാന സർക്കാർ വാങ്ങിയിട്ടുള്ള വാക്‌സിൻ സ്റ്റോക്കിൽ നിന്ന് നൽകും.