കൊവിഷീൽഡ് വാക്‌സിൻ; രണ്ടാം ഡോസ് 12 മുതൽ 16 ആഴ്ച്ച വരെ ദീർഘിപ്പിക്കാം

 

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാം. സർക്കാർ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത്. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണിസേഷനാണ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാമെന്ന നിർദ്ദേശം നൽകിയത്.

നാലു മുതൽ ആറ് ആഴ്ച്ചകൾക്കിടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി വർധിപ്പിച്ചു. കൊവിഷീൽഡ് വാക്സിന്റെ ഇരുഡോസുകൾക്കും ഇടയിലെ ഇടവേള ദീർഘിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് അന്താരാഷ്ട്ര പഠനങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിലെ ഇടവേളയിൽ മാറ്റമില്ല.