ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും നിലനിൽപ്പിനെയും തൊഴിൽ, യാത്രാ, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികൾ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും യാതൊരു ജനാധിപത്യ മര്യദയും കാണിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത്. ഇതിനെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാർഢ്യമെന്ന നിലക്ക് നിയമസഭ പ്രമേയം ഐക്യകണ്‌ഠേന പാസാക്കണമെന്ന് അഭ്യർഥിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. സ്പീക്കർക്കും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്.