കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മയുടെ ബന്ധുവിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുട്ടികൾ. അമ്മയുടെ ഒത്താശയോടെയാണ് തങ്ങൾ പീഡനത്തിന് ഇരയായതെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ കുട്ടികൾ പറയുന്നു
ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ കഴിഞ്ഞ ആറ് വർഷമായി ബോസ് എന്ന് പേരുള്ള 51കാരന്റെ കൂടെയാണ് താമസം. ഹോസ്റ്റലിൽ പഠിക്കുന്ന കുട്ടികൾ അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പീഡനം നടന്നത്.
അമ്മയുടെ മുന്നിൽ വെച്ചായിരുന്നു പീഡനം. കുട്ടി കരഞ്ഞപ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു. മാമനല്ലേ, ആരോടും പറയേണ്ടെന്നും അമ്മ പറഞ്ഞതായി കുട്ടി പറയുന്നു. അന്ന് പേടിച്ച് വിവരം ആരോടും പറഞ്ഞില്ല. എന്നാൽ മൂന്നാഴ്ച മുമ്പ് പ്ലസ് വണിന് പഠിക്കുന്ന മൂത്ത സഹോദരിയെയും ഇയാൾ പീഡിപ്പിച്ചതോടെയാണ് കുട്ടികൾ വിവരം തങ്ങളുടെ അച്ഛനെ വിളിച്ചു പറയുന്നത്.
അച്ഛൻ ഇതോടെ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്നാണ് ചൈൽഡ് ലൈനെ വിവരം അറിയിച്ചത്. ഇവർ നൽകിയ റിപ്പോർട്ട് പ്രകാരം അമ്മയെയും ബോസിനെയും പോലീസ് അറസ്റ്റ് ചെയ്തു.