ഉദ്യോഗസ്ഥരുടെ അശ്രദ്ധ; അമ്മത്തൊട്ടിലില്‍ ലഭിച്ച ആണ്‍കുട്ടി രേഖകളിൽ പെൺകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ വൈദ്യപരിശോധന കൃത്യമായി നടത്താതെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി. നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായോടുളള ആദരസൂചകമായി മലാലയെന്ന് പേരുമിട്ട്, ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റിക്കഴിഞ്ഞപ്പോഴാണ് പിഴവ് മനസിലായത്. ജീവനക്കാരുടെ പിഴവാണെന്നും നടപടിയെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു.

 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മത്തൊട്ടിലില്‍ കുട്ടിയെ ലഭിച്ചത്. തൈക്കാട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും പെണ്‍കുട്ടിയാണെന്നാണ് രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരും ഔദ്യോഗിക രേഖകളില്‍ പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തി. നൊബേല്‍ സമ്മാനജേതാവ് മലാല യുസഫ്സായിയോടുളള ആദരസൂചകമായി മലാലയെന്ന് പേരുമിട്ടു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കുറിപ്പും നല്‍കി. കുഞ്ഞിന്റ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്. എങ്കിലും അമ്മത്തൊട്ടിലില്‍ കിട്ടുന്ന കുട്ടിയെ കോവിഡ് വ്യാപനം കാരണം 14 ദിവസം ക്വാറന്റീനിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഇതിന്റ അടിസ്ഥാനത്തില്‍ പി.എം.ജിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് പെണ്‍കുട്ടിയല്ല,ആണ്‍കുട്ടിയാണന്ന് മനസിലായത്.

കുട്ടിയുടെ ശരീര പരിശോധന നടത്തിയതില്‍ വീഴ്ച പറ്റിയെന്ന് ഇതോടെയാണ് സ്ഥിരീകരിച്ചത്. വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി സമ്മതിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുമെന്ന് ശിശുക്ഷേമസമിതി അറിയിച്ചു.