കൊല്ലം കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ സ്വദേശി ദിവ്യയുടെ മകൾ അനൂപയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അനൂപയെ ദിവ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഓട്ടോ റിക്ഷ ഡ്രൈവറായ ദിവ്യയുടെ അച്ഛൻ വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ തയ്യാറായില്ല. പിന്നീട് വാതിൽ തുറന്നപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ദിവ്യക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ നൂലുകെട്ട് ദിവസം ദിവ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ സംരക്ഷണത്തിന് ഒരു സ്ത്രീയെ നിർത്തുകയും ചെയ്തു. എന്നാൽ തന്റെ അസുഖം മാറിയെന്നും ഇവരെ പറഞ്ഞു വിടണമെന്നും ദിവ്യ അഭ്യർഥിച്ചതിനെ തുടർന്നാണ് സഹായിയെ പറഞ്ഞുവിട്ടത്.