കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ വേഗത്തിൽ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. ഇപ്പോൾ വാക്‌സിൻ ക്ഷാമമാണ്.
150 രൂപയ്ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ 400 രൂപയ്ക്കാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ല. നിലവിൽ 219.22 മെട്രിക് ടൺ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്
വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം. കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് അധികബാധ്യത പ്രയാസമുണ്ടാക്കും. 45 വയസ്സിന് മുകളിലെ 1.13 കോടി ആളുകൾക്ക് മെയ് 20നുള്ളിൽ വാക്‌സിൻ നൽകണമെങ്കിൽ ദിവസവും രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചത്. ഇനി ദിവസേന 3.70 ലക്ഷം പേർക്ക് നൽകിയാലേ ആ ലക്ഷ്യത്തിലെത്താൻ സാധിക്കൂ
50 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടത്. അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.