സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് കൈവശമുള്ളത്. ആയിരത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇരുന്നൂറ് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. പല ജില്ലകളിലും ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിനില്ല
കൂടുതൽ വാക്‌സിനേഷൻ നടക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ഡോസ് വാക്‌സിൻ ബാക്കിയുള്ളത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസുകൾ സംസ്ഥാനത്ത് എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ല.
മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അറിയിച്ചത്. അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവ് സാരമായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ