നിരന്ന് നിന്ന് സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാര്‍

 

തിരുവനന്തപുരം: പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയിൽ കാത്തുനിന്നിരുന്ന പോലീസുകാർ ആണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം. സ്മൃതികേരളം എന്ന പരിപാടിയില്‍ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.

അതേസമയം, പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം പദ്ധതിയില്‍ നിന്നുമാണ് താരം മടങ്ങിപ്പോയത്. പ്രസ്തുത പരിപാടിയ്‌ക്കെത്തിയ സുരേഷ് ഗോപി കാറില്‍നിന്ന് ഇറങ്ങും മുന്‍പു തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം അദ്ദേഹം നല്‍കിയിരുന്നു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ അകന്നുനിന്ന ശേഷമാണ് അദ്ദേഹം കാറില്‍ നിന്നിറങ്ങിയത്. എന്നാൽ തുടർന്നുണ്ടായ തിക്കും തിരക്കും താരം ശ്രദ്ധിക്കുകയും ചുറ്റുമുള്ളവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

71 പേര്‍ക്ക് തെങ്ങിന്‍തൈ നല്‍കുന്ന പരിപാടിയായിരുന്നു തുടർന്ന് വേദിയിൽ. ആദ്യ രണ്ടുപേര്‍ക്ക് തൈ നല്‍കിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. വീണ്ടും സാമൂഹിക അകലം പാലിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ഫലം കണ്ടില്ല. തുടർന്നായിരുന്നു അദ്ദേഹം വേദിവിട്ട് ഇറങ്ങിപ്പോയത്.