തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് ഓഫ് ഇന്ത്യക്ക് കത്ത് നൽകി. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്നതായിരുന്നു. ജനുവരി 19നാണ് എയർപോർട്ട് ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് കരാർ ഒപ്പിടുന്നത്. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്. നേരത്തെ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് ആറ് മാസത്തെ സമയം അധികമനുവദിച്ചിരുന്നു.